ഡെറാഡൂൺ :ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്നവര്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ നടപ്പിലാക്കാൻ ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് യൂണിഫോം സിവിൽ കോഡ് ബില്‍ ഒരു നിയമമായി മാറിക്കഴിഞ്ഞാൽ ലിവിങ് ടുഗെതർ ബന്ധങ്ങളില്‍ താമസിക്കുന്നവരോ അതിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നവരോ ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ട ജില്ലാ അധികാരികളുടെ പക്കല്‍ തങ്ങളുടെ ബന്ധം രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കും.
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിക്കാന്‍ വെബ്‌സൈറ്റ് തയ്യാറാകുന്നതായി ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.സര്‍ക്കാര്‍ നയങ്ങള്‍ക്കും സദാചാരവ്യവസ്ഥകള്‍ക്കും വിരുദ്ധമായ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കില്ല. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളികളില്‍ ഒരാള്‍ വിവാഹിതനോ/ വിവാഹിതയോ അല്ലെങ്കില്‍ മറ്റൊരു ബന്ധത്തിലെ പങ്കാളിയോ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയോ ആയിരിക്കുന്ന പക്ഷം രജിസ്ട്രേഷന്‍ ലഭിക്കില്ല. രജിസ്ട്രേഷന് ഇരുവരുടെയും പൂര്‍ണ്ണ സമ്മതവും ആവശ്യമാണ്.
നിയമം നിലവില്‍ വരുന്നതോടെ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളി ഉപേക്ഷിച്ച് പോയാല്‍ സ്ത്രീയ്ക്ക് ജീവനാംശത്തിനായി കോടതിയെ സമീപിക്കാന്‍ സാധിക്കും. ബന്ധത്തിലുണ്ടാകുന്ന കുട്ടിയെ പങ്കാളികളുടെ നിയമസാധുതയുള്ള കുട്ടിയായും പരിഗണിക്കും. നിയമലം ലംഘിച്ച് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ഒരുമിച്ചു ജീവിച്ചാൽ മൂന്ന് മാസം വരെ തടവ് ശിക്ഷയോ 10,000 രൂപ പിഴയോ രണ്ടും ഒന്നിച്ചോ ലഭിച്ചേക്കാം. അധികൃതര്‍ക്ക് തെറ്റായ വിവരം നല്‍കിയാല്‍ മൂന്നുമാസംവരെ തടവോ 25,000 രൂപവരെ പിഴയോ ഇവ രണ്ടുമോ ലഭിക്കാം.