കര്‍ഷക ഡല്‍ഹി ചലോ മാര്‍ച്ച്‌ രണ്ട് ദിവസത്തേക്ക് മാറ്റിവച്ചു.പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു

ന്യൂ ഡല്‍ഹി : പഞ്ചാബ്-ഹരിയാന അതിർത്തിയിലെ രണ്ട് പ്രതിഷേധ കേന്ദ്രങ്ങളിലൊന്നായ ഖനൗരിയിൽ നടന്ന പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഡൽഹി ചലോ മാർച്ച് രണ്ട് ദിവസത്തേക്ക് മാറ്റിവച്ചു.പ്രതിഷേധവുമായി ബന്ധപ്പെട്ട അടുത്ത നടപടികള്‍ വെള്ളിയാഴ്ച വൈകുന്നേരം തീരുമാനിക്കുമെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ ശംഭുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏറ്റുമുട്ടലിൽ ഒരു കര്‍ഷകന്‍ മരിക്കുകയും 12 ഓളം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്‌തു.കര്‍ഷക പ്രശ്നം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ഞായറാഴ്ച രാത്രി മൂന്ന് കേന്ദ്രമന്ത്രിമാരുടെ പാനലുമായി നടന്ന നാലാം റൗണ്ട് ചർച്ചയെത്തുടർന്ന് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഖനൗരിയിലെയും ശംഭുവിലെയും പഞ്ചാബിലെ കർഷകർ രാവിലെ തന്നെ തങ്ങളുടെ പ്രക്ഷോഭം പുനരാരംഭിച്ചിരുന്നു.

ഡൽഹി ചലോ ട്രാക്ടർ പ്രതിഷേധം വെള്ളിയാഴ്ച തന്നെ പുനരാരംഭിക്കുമെന്ന് കർഷക സംഘടനകൾ മാധ്യമങ്ങളെ അറിയിച്ചു.