ബൈജു രവീന്ദ്രൻ രാജ്യം വിടാതിരിക്കാൻ ഇഡിയുടെ ലുക്ക്ഔട്ട് നോട്ടീസ്

കൊച്ചി : ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ രാജ്യം വിട്ട് പോകാതിരിക്കാനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബ്യൂറോ ഓഫ് ഇമിഗ്രേഷനോട്‌ അഭ്യർത്ഥിച്ചതായി റിപ്പോർട്ട്. ഇഡി കൊച്ചി ഓഫീസിന്റെ ആവശ്യത്തെത്തുടന്ന് ഒന്നരവർഷം മുൻപ് ബൈജുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ബൈജൂസിന്റെ ഉടമയായ ബൈജുവിനെയും കുടുംബത്തെയും മാതൃ സ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വ സ്ഥാനത്ത് നിന്നും മാറ്റാനുള്ള നിക്ഷേപകരുടെ അടിയന്തര യോഗത്തിന്റെ തീരുമാനം സ്റ്റേ ചെയ്യാനുള്ള ബൈജുവിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു.യോഗത്തിലെ പ്രമേയങ്ങൾ കോടതി വീണ്ടും പരിഗണിക്കും വരെ നടപ്പാക്കരുതെന്ന ഇടക്കാല വിധി ബൈജുവിന് ആശ്വാസം പകരുന്നതാണ്.

കമ്പനിയുടെ പ്രവർത്തനത്തിൽ നിരവധി അപാകതകൾ ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 23 ന് നിക്ഷേപകരുടെ യോഗം നേതൃത്വ മാറ്റം ആവശ്യപ്പെടുന്ന നോട്ടീസ് പുറത്തിറക്കിയത്. ബൈജൂസിന്റെ 30 ശതമാനം ഓഹരികളുടെ ഉടമയായ ജനറൽ അറ്റലാന്റിക് ,പീക്ക് XV , സോഫിന , ചാൻ സക്കർബർഗ് , ഔൾ , സാൻഡ്‌സ് എന്നിവർ നോട്ടീസിനെ പിന്തുണച്ചിരുന്നു.

ഇജിഎം പാസ്സാക്കിയ പ്രമേങ്ങൾ അസാധുവെക്കിക്കൊണ്ടുള്ള കോടതി വിധി ബൈജുവിന് ആശ്വാസം നൽകുന്നതാണെന്നും ബൈജൂസിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും വിധി ചൂണ്ടിക്കാണിക്കുന്നതായും എല്ലാ നിക്ഷേപകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സ്ഥിരതയോടെയും ശ്രദ്ധയോടെയും കമ്പനിക്ക് പ്രവർത്തിക്കാൻ സാധിക്കുമെന്നും ബൈജൂസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.