സംസ്ഥാനത്തു് തിയേറ്ററുകളിൽ ഇന്ന് മുതൽ മലയാള സിനിമ റിലീസില്ല,തിയേറ്റർ ഉടമകള്‍ സമരത്തില്‍

തിരുവനന്തപുരം: തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് സമരത്തിലായത് കൊണ്ട് സംസ്ഥാനത്തെ തിയേറ്ററുകളിൽ ഇന്ന് മുതൽ മലയാള സിനിമ റിലീസ് ചെയ്യില്ല.കണ്ടന്റ് മാസ്റ്ററിങും സിനിമ ഒടിടിയിലേക്ക് നൽകുന്നതും അടക്കമുള്ള വിവിധ വിഷയങ്ങളിൽ നിർമാതാക്കളുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് സമരം.

തിയേറ്റുകളിൽ പ്രദർശിപ്പിച്ച് 42 ദിവസത്തിന് ശേഷം മാത്രമേ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നൽകുകയുള്ളൂവെന്ന ധാരണ നിർമാതാക്കൾ ലംഘിച്ചുവെന്നാണ് തിയേറ്റർ ഉടമകളുടെ ആരോപണം. നിർമ്മാ താക്കളുടെ സംഘടനയിലുള്ള ചിലർ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചതോടെ അവരുടെ കണ്ടന്റ് തിയേറ്ററിൽ നൽകണമെന്ന് പറഞ്ഞ് തിയേറ്ററുടമകളെ ഭീഷണിപ്പെടുത്തുകയാണെന്ന് തിയേറ്റർ ഉടമകള്‍ ആരോപിക്കുന്നു. യുഎഫ്ഒ അടക്കമുള്ള കമ്പനികളുടെ ഡിജിറ്റൽ കണ്ടന്റ് കാണിക്കാൻ കഴിയുന്ന പ്രൊജക്ടുകളാണ് സംസ്ഥാനത്തെ ഭൂരിപക്ഷം തിയേറ്ററുകളിലും ഉള്ളത്.

നിർമാതാക്കളുടെ സിനിമ കണ്ടന്റുകൾ പ്രദർശിപ്പിക്കണമെങ്കിൽ വിലകൂടിയ പുതിയ പ്രൊജക്ടറുകൾ വാങ്ങേണ്ടതുണ്ടെന്നും ഇത് തിയേറ്റർ ഉടമകൾക്ക് നഷ്ടമാണെന്നും ഫിയോക് ആരോപിക്കുന്നു. നിർമാതാക്കളുടെ കണ്ടന്റ് മാസ്റ്ററിങ് വഴിയുള്ള സിനിമ പ്രദർശിപ്പിക്കാൻ പുതിയതായി ആരംഭിക്കുന്ന തിയേറ്ററുകളോടാണ് ആവശ്യപ്പെട്ടിട്ടുള്ളത്.യുഎഫ്ഒ പോലുള്ള ഇടനിലക്കാരെ ഒഴിവാക്കാനാണെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കുന്നു.

സിനിമാ മേഖലയ്ക്ക് ഗുണകരമല്ലാത്ത സാഹചര്യത്തിലേക്ക് പ്രശ്നങ്ങൾ നീങ്ങിയിട്ടും ഫിലിം ചേംബറിന് പോലും നിർണായക ഇടപെടൽ നടത്താൻ കഴിയാത്ത തരത്തിൽ തിയേറ്റർ ഉടമകളും നിർമാതാക്കളും നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.28ന് ഫിലിം ചേംബറിന്റെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിക്കാൻ ചർച്ച വിളിച്ചെങ്കിലും പങ്കെടുക്കില്ലെന്നാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് സ്വീകരിച്ചിരിക്കുന്നത്.