കുടുംബാസൂത്രണ പ്രോത്സാഹനം,രണ്ടില്‍ കൂടുതല്‍ കുട്ടികളെങ്കിൽ സർക്കാരിൽ ജോലി ഇല്ല.രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്‌പൂർ : രാജസ്ഥാനില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല. രാജസ്ഥാൻ സർക്കാര്‍ നടപ്പാക്കിയ ഈ നിയമം സുപ്രീംകോടതിയും അംഗീകരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരമൊരു നിയമം 21 വർഷം മുന്‍പ് രാജസ്ഥാനിൽ നടപ്പാക്കിയിട്ടുണ്ട്.രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കുട്ടികള്‍ രണ്ട് മാത്രം എന്ന നയം ഇനി സർക്കാർ ജീവനക്കാർക്കും ബാധകമാകും.

മുൻ സൈനികനായ രാംലാൽ ജാട്ട് 2017ൽ വിരമിച്ച ശേഷം 2018 മെയ് 25 ന് രാജസ്ഥാൻ പോലീസിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിച്ചു. 1989ലെ രാജസ്ഥാൻ പോലീസ് സബോർഡിനേറ്റ് സർവീസസ് റൂൾസ് റൂൾ 24(4) പ്രകാരം മുൻ സൈനികനായ രാം ലാൽ ജാട്ടിന്‍റെ അപേക്ഷ നിരസിക്കപ്പെട്ടു.രാംലാൽ ജാട്ടിന് രണ്ടിലധികം കുട്ടികളുണ്ട് എന്ന കാരണത്താൽ സർക്കാർ ജോലിക്കുള്ള അദ്ദേഹത്തിന്‍റെ അപേക്ഷ തള്ളപ്പെട്ടു.രാം ലാൽ ജാട്ട് രാജസ്ഥാൻ ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. 2022 ഒക്ടോബറിൽ ഇത് സംബന്ധിച്ച് വിധി പറയുമ്പോൾ രാജസ്ഥാൻ ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചിരുന്നു.

2001-ലെ രാജസ്ഥാൻ വിവിധ സേവന (ഭേദഗതി) ചട്ടങ്ങൾ പ്രകാരം, 2002 ജൂൺ 1-നോ അതിനുശേഷമോ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലി ലഭിക്കില്ല എന്ന വ്യവസ്ഥയുണ്ട്.കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വ്യവസ്ഥയുടെ ലക്ഷ്യം. ഇതനുസരിച്ച്, ഉദ്യോഗാർത്ഥികൾക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ അവരെ അയോഗ്യരായി കണക്കാക്കുന്നു.