ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം, സംസ്ഥാന സർക്കാരിന് നേട്ടം

തിരുവനന്തപുരം: ഗവർണർ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവർണര്‍മാർക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് ഏഴ് ബില്ലുകള്‍ 2023 നവംബറില്‍ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിട്ടത്.ഗവർണർ- സർക്കാർ പോര് തുടരുന്നതിനിടെ ബില്ലിന് അംഗീകാരം കിട്ടിയത് സംസ്ഥാന സർക്കാരിന് നേട്ടമായി.

പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാനാവുന്ന പതിന്നാലാം വകുപ്പാണ് ബില്ലിലൂടെ ഭേദഗതി ചെയ്തത്. ബന്ധു നിയമനക്കേസിൽ കെ ടി ജലീലിന് മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത് ഇങ്ങനെയാണ്. ബിൽ നിയമമായതോടെ ലോകായുക്ത ആരെയെങ്കിലും അഴിമതിക്കാരനായി തീർപ്പു കൽപിച്ചാൽ അതിൽ‌ മുഖ്യമന്ത്രിക്കും നിയമസഭയ്ക്കും നിയമന അധികാരിക്കും മറിച്ചു തീരുമാനമെടുക്കാം.

സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ലോകായുക്ത ഭേദഗതി ബിൽ 2022 ഓഗസ്റ്റിൽ മന്ത്രി പി രാജീവ് അവതരിപ്പിച്ച്‌ നിയമസഭ പാസാക്കുകയായിരുന്നു. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നും അന്വേഷണം, കണ്ടെത്തൽ, വിധി പറയൽ എല്ലാംകൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി രാജീവ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണറല്ല, നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിട്ടി. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിട്ടി.ഗവർണറുടെ അപ്പലേറ്റ് അധികാരവും ഇല്ലാതാവും.