പൗരത്വ നിയമഭേദഗതി നിയമം,കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനരോഷമുയരണം ,സിപിഎം സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്.പൗരത്വ നിയമഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം.കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐ.

രാജ്യത്ത് ആദ്യമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ നിയമസഭ കേരളമാണ്. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഈ നിലപാട് സ്വീകരിക്കുമോ എന്നും പല്ലും നഖവും ഉപയോഗിച്ച് നിയമത്തെ എതിർക്കാൻ തയ്യാറാകുമോ എന്നും എ എ റഹീം ചോദിച്ചു.

ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യ രൂപപ്പെട്ടത്. ആ കാഴ്ചപ്പാടുകളെ ആകെ തകര്‍ത്ത് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമമെന്നും ഇത് നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം ഉയര്‍ന്നുവന്നതാണെന്നും സിപിഐഎം വ്യക്തമാക്കി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വിജയം നേടാനാകുമോയെന്ന പരിശ്രമത്തിന്റെ ഫലമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. മതനിരപേക്ഷ രാഷ്ട്രം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളുമായി ചേര്‍ന്നുകൊണ്ട് ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾ സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് ആകെ ആത്മവിശ്വാസം പകരുന്നതാണ്.യാതൊരുകാരണവശാലും കേരളത്തില്‍ ഈ നിയമം നടപ്പിലാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളതാണ്.