ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ 4 പാർട്ടി പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: പാനൂരിൽ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടതിന് 4 സിപിഎമ്മുകാർ അറസ്റ്റിൽ.ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

4 പേരും പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരാണ്.ബോംബ് നിർമാണം ആസൂത്രണം ചെയ്തത് ഒളിവിൽ കഴിയുന്ന ഷിജാലും സ്ഫോടനത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായ ഷിജാലിനും അക്ഷയ്ക്കും വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ മുളിയാത്തോട് കാട്ടിന്റവിട ഷെറിൻ (31) മരിച്ചിരുന്നു.

പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച അരുണിനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. തുടർന്ന് അതുലിനെയും ഷബിൻലാലിനെയും സായൂജിനെയും പിടികൂടി. ഷബിൻലാൽ നൽകിയ സൂചനപ്രകാരം സംഭവസ്ഥലത്ത് നടത്തിയ തിരച്ചിലിൽ വീടിന്റെ പരിസരത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിൽ 7 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. പാനൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പറഞ്ഞു. പിടിയിലായവർ പാർട്ടി സഖാക്കളെ മർദിച്ച കേസിലെ പ്രതികളാണെന്നും ഇവരെ മുൻപേ തള്ളിപ്പറഞ്ഞതാണെന്നും സെക്രട്ടറി പറഞ്ഞു.