പത്താൻകോട്ടിൽ ഭീകരരെ തുരത്തിയ പോരാളിയാണ് ഗാസയിലെ ആക്രമണത്തിൽ ജീവൻ വെടിഞ്ഞത്

പൂനെ : പത്താൻകോട്ടിൽ ഭീകരരെ തുരത്തിയ പോരാളിയാണ് ഗാസയിലെ ആക്രമണത്തിൽ ജീവൻ വെടിഞ്ഞ ഇന്ത്യൻ ആർമി റിട്ടയേർഡ് കേണൽ വൈഭവ് അനിൽ കലെ. ഇന്ത്യൻ ആർമിയിൽനിന്ന് കേണലായി വിരമിച്ച ശേഷം യുഎന്നിന്റെ ഡിപ്പാർട്ട്മെൻ്റ് ഓഫ് സേഫ്റ്റി ആൻ്റ് സെക്യൂരിറ്റിയിൽ നിരീക്ഷകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.ഗാസയിലെ റഫയിലുള്ള യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഖാൻ യൂനിസിൽവെച്ചു വൈഭവ് അനിൽ കലെ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.

2023ന് ആരംഭിച്ച ഇസ്രായേൽ – ഹമാസ് യുദ്ധത്തിനിടെ, ആദ്യമായി കൊല്ലപ്പെടുന്ന യുഎന്നിൻ്റെ അന്താരാഷ്ട്ര ഉദ്യോഗസ്ഥനാണ് വൈഭവ് അനിൽ കലെ. 2022ൽ ഇന്ത്യൻ ആർമിയിൽനിന്ന് വിരമിച്ച വൈഭവ് അനിൽ കലെ ഒരു മാസം മുൻപാണ് യുഎന്നിൽ ചേർന്നത്.എന്നിൻ്റെ വാഹനമാണെന്ന പ്രത്യേക മാർക്കിങ് വാഹനത്തിൽ ഉള്ളപ്പോഴാണ് ആക്രമണമുണ്ടായത്. ജീവകാരുണ്യ പ്രവർത്തകർ ഉറപ്പായും സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.

ഭീകരവിരുദ്ധ വിദഗ്ധനായ കലെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കശ്മീർ, വടക്കുകിഴക്ക് മേഖലകളിൽ ഫീൽഡ് ഏരിയകളിലും പ്രവർത്തിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ മോയിലുള്ള ഇൻഫൻട്രി സ്കൂളിൽ ഇൻസ്ട്രക്ടറായും സേവനമനുഷ്ഠിച്ചുണ്ട്. 2016ൽ പഞ്ചാബിലെ പത്താൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിർണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ് കലെ. 46കാരനായ വൈഭവ് അനിൽ കലെ നാഗ്പ്പൂർ സ്വദേശിയാണ്.ഭാര്യ അമൃത, മക്കൾ വേദാന്ത്, രാധിക അടങ്ങിയ കുടുംബം പൂനെയിലാണ് താമസിക്കുന്നത്.