മുപ്പത് കഴിഞ്ഞവർ പതിവാക്കേണ്ട ഭക്ഷണങ്ങൾ

കാത്സ്യം അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക എന്നതാണ് പ്രധാനംമുപ്പത് വയസു കഴിഞ്ഞവർ അവരുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കേട്ടിട്ടില്ലേ..? എന്ത് കൊണ്ടാണെന്നോ.. പ്രധാനമായും അവരുടെ എല്ലുകളുടെ ആരോഗ്യം കുറഞ്ഞു തുടങ്ങുന്ന സമയമാണിത്. മുപ്പതു വയസ് കഴിയുമ്പോൾ മെറ്റബോളിസം നിലനിർത്തുന്നതും രോഗങ്ങളെ ചെറുക്കുന്നതും ബുദ്ധിമുട്ടായി തുടങ്ങും. അത്‌കൊണ്ട് തന്നെ കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാത്സ്യം അടങ്ങിയ ഭക്ഷണം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് അതിനായി കഴിക്കേണ്ടത് എന്ന് നോക്കാം.

പാൽ

കാത്സ്യത്തിന്റെ കലവറയാണ് പാൽ. എല്ലാ ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് അസ്ഥികളെ ബലപ്പെടുത്തുന്നതിനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. അതിനാൽ പാൽ ദിവസവും ഡയറ്റിലുൾപ്പെടുത്തുന്നത് നല്ലതാണ്.

ഓറഞ്ച്

വിറ്റാമിൻ സിയുടെ ഉറവിടമായ ഓറഞ്ച് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ബെസ്റ്റാണ്. ഓറഞ്ചിൽ നല്ലൊരളവിൽ കാത്സ്യവും അടങ്ങിയിട്ടുണ്ട് എന്നതാണ് പ്രധാനം. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് സഹായിക്കും. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ഓറഞ്ച് മികച്ചതാണ്

കട്ടത്തൈര്

കാത്സ്യം ശരീരത്തിലെത്താൻ പാലിനെക്കാളും ഒരു പടി മുന്നിൽ തൈര് തന്നെയാണെന്ന് പറയാം. ഒരു പാത്രം തൈരിൽ നിന്നും ധാരാളം കാത്സ്യവും വിറ്റാമിൻ ഡിയുമാണ് നമുക്ക് ലഭിക്കുന്നത്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ എല്ലുകൾക്കുണ്ടായേക്കാവുന്ന രോഗങ്ങളും ഇതിലൂടെ തടയാൻ സാധിക്കുന്നു. കൂടാതെ മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകൾ തൈരിൽ അടങ്ങിയിട്ടുള്ളതിനാൽ അവ കുടൽസംബന്ധമായ പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങളും അകറ്റുകയും ദഹനത്തെ നിയന്ത്രിച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

ചീസ്

കാത്സ്യത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ചീസ്. ദിവസത്തിൽ 70 ഗ്രാം ചീസ് കഴിക്കണം. മുതിർന്നവർ ദിവസേന കാത്സ്യം ലഭിക്കാൻ ഇത് സഹായിക്കുന്നു. മുപ്പത് കഴിഞ്ഞവർ ഇത് കഴിക്കുന്നത് നല്ലതാണെങ്കിലും പലരും ഈ ഭക്ഷണത്തെ കാര്യമായി ഉപയോഗപ്പെടുത്താറില്ല. അസ്ഥികൾക്ക ഒടിവ് സംഭവിക്കുന്ന സമയങ്ങളിൽ ചീസ് കഴിക്കുന്നത് നല്ലതാണ്.

സോയാബീൻ

കാത്സ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീൻ. സോയാ ബീൻസ്, സോയാ ബോൾ എന്നിവയും വിപണിയിൽ സുലഭമാണ്. ആർത്തവവിരാമം വന്ന സ്ത്രീകൾ പതിവായി സോയാബീൻ കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിർത്തുന്നതിന് സഹായിക്കും. അസ്ഥികൾക്ക് ബലത്തിനാവശ്യമായ വിറ്റാമിൻ കെയും ബീൻസിൽ അടങ്ങിയിട്ടുണ്ട്.