മെട്രോ ട്രെയിന്റെ ഡോറിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിലുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കോച്ചിൽനിന്ന് ഇറങ്ങുന്നതിനിടെ 35കാരി റീനയുടെ സാരി ഡോറിൽ കുടുങ്ങുകയും ട്രെയിൻ റീനയെ പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴക്കുകയുമായിരുന്നു.25 മീറ്ററോളം യുവതിയെ ട്രെയിൻ പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴച്ചു. ട്രെയിൻ പ്ലാറ്റ്ഫോം വിട്ടതോടെ യുവതി പാളത്തിലേക്ക് പതിക്കുകയായിരുന്നു.

തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ യുവതി സഫ്ദർസങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. ഇൻ്റർലോക്ക് സ്റ്റേഷനിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ റീന ആദ്യം കോച്ചിലേക്ക് കയറുന്നതും എന്നാൽ ഒപ്പമുണ്ടായിരുന്ന കുട്ടി പ്ലാറ്റ്ഫോമിൽ തുടർന്നതിനാൽ കുട്ടിയെ കൂടി കയറ്റാനായി പുറത്തേക്ക് ഇറങ്ങുന്നതും കാണാം ഇതിനിടെ റീനയുടെ സാരി ഡോറിൽ കുടുങ്ങുകയും ട്രെയിൻ മുന്നോട്ടെടുക്കുകയുമായിരുന്നു.

ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് യുവതിക്ക് മരണം സംഭവിച്ചത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും യുവതി അബോധാവസ്ഥയിലായിരുന്നുവെന്നും ആരോഗ്യനില ഗുരുതരമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. റീനയുടെ ഭർത്താവ് 2014ൽ മരണപ്പെട്ടിരുന്നു. തുടർന്ന് പച്ചക്കറി കച്ചവടത്തിലൂടെയാണ് കുടുംബം പോറ്റിയിരുന്നത്. പത്തും 12 ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്.നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപറേഷനെതിരെ റീനയുടെ കുടുംബം പ്രതിഷേധിച്ചു.

ഗുരുതര പരിക്കേറ്റ റീനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെൻ്റിലേറ്റർ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ചികിത്സ നിഷേധിച്ചു. പിന്നീട് എത്തിച്ച രണ്ട് ആശുപത്രികളും സമാന കാരണം ചൂണ്ടിക്കാട്ടി ചികിത്സ നിഷേധിക്കുന്ന അവസ്ഥയുണ്ടായി. ഒടുവിലാണ് യുവതിയെ സഫ്ദർജങ് ആശുപത്രിയിലേക്ക് എത്തിച്ചത്.