ലോകകപ്പ്; ലോകത്തിനു മുന്നിൽ ഇന്ത്യയെ ‘നയിക്കാൻ’ മലയാളി

ഖത്തര്‍: ഖത്തറിൽ ആവേശത്തിന്‍റെ പന്ത് ഉരുളുമ്പോൾ ഇന്ത്യയിൽ നിന്നുള്ള സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ഒരു മലയാളിയാണ്. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സഫീർ റഹ്മാനെയാണ് സാംസ്കാരിക, സാമുദായിക പരിപാടികളുടെ ഏകോപന ചുമതലയുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡറായി തിരഞ്ഞെടുത്തത്. 32 കമ്യൂണിറ്റികളിൽ നിന്നാണ് നേതാക്കളെ തിരഞ്ഞെടുത്തത്. 2007 മുതൽ ഖത്തറിൽ ഫുട്ബോൾ ആരാധകനും പ്രവാസിയുമായ സഫീർ ഖത്തർ എനർജിയിൽ സീനിയർ സെക്രട്ടറിയാണ്.

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഖത്തറിൽ എത്തുമ്പോൾ ഇന്ത്യയിൽ നിന്നുള്ള മികച്ച കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയാണ് സഫീറിന്‍റെ ദൗത്യം.