ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡ് താരത്തിന് ഹാട്രിക്ക്: ന്യൂസിലന്‍ഡിന് മികച്ച സ്കോർ

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ഹാട്രിക്ക് എറിഞ്ഞിട്ട് റെക്കോര്‍ഡ് നേട്ടവുമായി അയര്‍ലന്‍ഡ് പേസര്‍ ജോഷ്വ ലിറ്റില്‍. ടി20 ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ഐറിഷ് ബൗളറാണ് ജോഷ്വ. കഴിഞ്ഞവര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ കര്‍ട്ടിസ് കാംഫര്‍ അയര്‍ലന്‍ഡിനായി ഹാട്രിക് വീഴ്ത്തിയിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നെറ്റ് ബൗളറായിരുന്നു ജോഷ്വ ലിറ്റില്‍.

ന്യൂസിലന്‍ഡിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തിന്‍റെ പത്തൊമ്പതാം ഓവറിലായിരുന്നു ജോഷ്വയുടെ ഹാട്രിക്ക് നേട്ടം. ആദ്യം തകര്‍ത്തടിച്ച കെയ്ന്‍ വില്യംസണെ ഡെലാനിയുടെ കൈകളിലെത്തിച്ച ജോഷ്വ, തൊട്ടടുത്ത പന്തില്‍ ജിമ്മി നീഷാമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത പന്തില്‍ മിച്ചല്‍ സാന്‍റ്നറെക്കൂടി വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ജോഷ്വ ചരിത്രനേട്ടം സ്വന്തമാക്കിയത്.

19ാ-ം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് കിവീസിന് നേടാനായത്. ടി20 ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന ആറാമത്തെ ബൗളറാണ് ജോഷ്വ ലിറ്റില്‍. 2007ല്‍ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയുടെ ബ്രെറ്റ് ലീയും 2021ല്‍ നെതര്‍ലന്‍ഡ്സിനെതിരെ അയര്‍ലന്‍ഡിന്‍റെ കര്‍ട്ടിസ് കാംഫറും തങ്ങളുടെ ആദ്യ ഹാട്രിക് നേടി. 2021ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയും ഹാട്രിക് നേടി.

2021ല്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയും ഈ ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ യുഎഇയുടെ കാര്‍ത്തിക് മെയ്യപ്പന്‍ എന്നിവരാണ് ടി20 ലോകകപ്പില്‍ ഹാട്രിക്ക് നേടിയ മറ്റ് ബൗളര്‍മാര്‍. അതേസമയം, ടി20 ലോകകപ്പിലെ സെമി ഉറപ്പിക്കാനുള്ള നിർണായക മത്സരത്തിൽ പൊരുതുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ 15 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടി.