ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 1 2മണിക്കാണ് മത്സരം. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവരില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ ഹര്‍ദ്ദിക് പാണ്ഡ്യയാണ് നയിക്കുന്നത്.

ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരിലാണ് ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ. ബൗളിംഗിലാകട്ടെ ലോകകപ്പില്‍ തിളങ്ങിയ അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജുമുണ്ട്. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറും ടീമിലുണ്ട്.

അതേസമയം, ലോകകപ്പില്‍ കളിച്ച മാര്‍ട്ടിന്‍ ഗപ്ടിലും പേസര്‍ ട്രെന്‍റ് ബോള്‍ട്ടും ഇല്ലാതെയാണ് കിവീസ് ഇറങ്ങുന്നത്. യുവതാരങ്ങളായ ഫിന്‍ അലനിലും ഗ്ലെന്‍ ഫിലിപ്സിലുമാണ് കിവീസിന്‍റെ പ്രധാന ബാറ്റിംഗ് പ്രതീക്ഷകള്‍. മത്സരദിവസമായ ഇന്ന് മഴ പ്രവചനമുണ്ടെങ്കിലും മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 ടീം: ഹര്‍ദ്ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), റിഷഭ് പന്ത്(വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.