ബ്രസ്സൽസ് : ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് അറസ്റ്റിൽ. ഗ്രീക്ക് സോഷ്യലിസ്റ്റ് നേതാവായ ഇവ കൈലിയെ ബെൽജിയൻ പൊലീസ് അറസ്റ്റ് ചെയ്തു.കേസിൽ ഇറ്റലിയിൽ നിന്നുള്ള നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇവയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ ഇവയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഗ്രീക്ക് സോഷ്യലിസ്റ്റ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. യൂറോപ്യൻ പാർലമെന്റിലെ അധികാരങ്ങളിൽ നിന്ന് ഇവയെ മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്. പണമോ സമ്മാനങ്ങളോ നൽകി യൂറോപ്യൻ പാർലമെന്റ് തീരുമാനങ്ങളെ സ്വാധീനിക്കാൻ ഗൾഫ് രാജ്യം ശ്രമിച്ചതായി ബെല്‍ജിയന്‍ അധികൃതര്‍ പറയുന്നു.
ഖത്തർ ഗവൺമെന്റിന് യൂറോപ്യൻ അന്വേഷണത്തെക്കുറിച്ചറിയില്ലെന്ന് ഖത്തർ അധികൃതർ പറയുന്നു. ഖത്തറിനെതിരായ അവകാശവാദങ്ങൾ തെറ്റായ വിവരങ്ങളാണെന്നും അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിച്ചാണ് പ്രവർത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.