റിയാദ് : സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറുമായി കരാർ ഒപ്പിട്ടത് 1770 കോടിയിലേറെ രൂപയ്ക്കാണ്. ഇപ്പോൾ റൊണാൾഡോയാണ് ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ഫുട്ബോൾ താരവും ഏറ്റവും വലിയ കഥയും.റൊണാൾഡോ എന്നാൽ കളി മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട് വലിയ ബിസിനസ് കൂടിയാണ് നടക്കുന്നത്.അൽ നാസറിന്‍റെ ഭാഗമായി മാറിയ റൊണാൾഡോ കഴിഞ്ഞ ദിവസം റിയാദിലെത്തി.
റെക്കോർഡ് പ്രതിഫലം സ്വന്തമാക്കി എത്തുന്ന റൊണാൾഡോയെക്കുറിച്ചുള്ള വാർത്തകളാണ് മാധ്യമങ്ങളിലെ സ്പോർട്സ് പേജുകൾ നിറയെ. റൊണാൾഡോയെക്കുറിച്ചുള്ള വാർത്തകൾ കൈകാര്യം ചെയ്യാൻ ഒരു മുഴുവൻ സമയ ലേഖകനെ തേടുന്നു സാമ്പത്തികമേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന മാധ്യമമായ അറേബ്യൻ ബിസിനസ്സ്.റൊണാൾഡോയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ നൽകാൻ മാത്രമാണ്.
സൗദി അറേബ്യയിലേക്കുള്ള അദ്ദേഹത്തിന്റെ നീക്കം ആഗോള തലത്തിൽ അറബ് ഫുട്ബോളിനെ കൂടുതൽ ദൃഢമായി നിലനിർത്തും.റൊണാൾഡോയുടെ കരിയറിലെ ഈ പുതിയ ഘട്ടം തന്റെ കുടുംബത്തോടൊപ്പം അറേബ്യൻ മണ്ണിൽ ആരംഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ പുതിയ ജീവിതം അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം എങ്ങനെ അറബ് സംസ്‌കാരവുമായി പൊരുത്തപ്പെടുന്നു, രാജ്യത്തുടനീളം പര്യടനം നടത്തുമ്പോൾ അദ്ദേഹത്തിന്റെ അനുഭവങ്ങൾ, തീർച്ചയായും കളിക്കളത്തിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ – ഇതെല്ലാം ഞങ്ങളുടെ വായനക്കാരിലേക്ക് ഇംഗ്ലീഷിലും അറബിയിലും എല്ലായ്പ്പോഴും എത്തിച്ചുനൽകുകയാണ് ലക്ഷ്യമിടുന്നത്.അറേബ്യൻ ബിസിനസ് മാനേജിംഗ് എഡിറ്റർ മാത്യു അംലോട്ട് പറഞ്ഞു.
തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർഥി റൊണാൾഡോയുമായി ബന്ധപ്പെട്ടുള്ള കഥയിൽ ഒരു പ്രധാന പങ്ക് വഹിക്കും.താൽപ്പര്യമുള്ള അപേക്ഷകർ അവരുടെ CV ഒരു കവറിംഗ് ലെറ്ററിനൊപ്പം matthew.amlot@itp.com എന്ന വിലാസത്തിലേക്ക് സമർപ്പിക്കുക. മുൻ കായിക റിപ്പോർട്ടിംഗ് അനുഭവം അത്യാവശ്യമല്ല. വിജയിച്ച അപേക്ഷകൻ ഇംഗ്ലീഷിലും അറബിയിലും (എഴുത്തും സംസാരവും) നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ളവരായിരിക്കണം എന്നതാണ് പ്രധാനപ്പെട്ട വ്യവസ്ഥ. കൂടാതെ നന്നായി വാർത്തകളും വിവരങ്ങളും വായനക്കാരിലേക്ക് എത്തിക്കാനുള്ള ശേഷിയും പ്രധാനമാണ്.
റിയാദിലെ അറേബ്യൻ ബിസിനസ് ഓഫീസുകളിൽ നിന്ന് ജോലി ചെയ്യുന്ന റൊണാൾഡോ ലേഖകൻ, റൊണാൾഡോയുടെ അൽ നാസർ വാർത്തകൾ, പത്രസമ്മേളനം, വാണിജ്യ സംബന്ധിയായ ഇവന്റുകൾ എന്നിവ ഉൾപ്പടെ എല്ലാ മത്സരങ്ങളും കവർ ചെയ്യേണ്ടതുണ്ട്.റൊണാൾഡോ സൗദി അറേബ്യയിൽ സ്ഥിരതാമസമാക്കുമ്പോൾ റൊണാൾഡോയുടെ ജീവിതത്തെക്കുറിച്ചുള്ള ദൈനംദിന വിവരങ്ങൾ നൽകുകയെന്നതും റൊണാൾഡോ കറസ്പോണ്ടന്‍റിന്‍റെ ചുമതലയാകും.