ലോകകപ്പ് തയാറെടുപ്പുകളെ പ്രശംസിച്ച്‌ ജര്‍മന്‍ മന്ത്രി നാന്‍സി ഫൈസര്‍

ദോഹ: ദോഹക്കും ബര്‍ലിനുമിടയില്‍ നയതന്ത്ര തര്‍ക്കത്തിന് ഇടയാക്കിയ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി നാന്‍സി ഫൈസര്‍.

ജര്‍മന്‍ മന്ത്രിയുടെ ദോഹ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഫിഫ ലോകകപ്പിനുള്ള ഖത്തറിന്റെ ആതിഥേയത്വത്തെ പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ രണ്ടു ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം. ലോകകപ്പില്‍ ജര്‍മന്‍ ടീം പങ്കെടുക്കുമെന്നും ദോഹയില്‍ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുമായുള്ള കൂടിക്കാഴ്ചക്കിടെ അവര്‍ വ്യക്തമാക്കിയിരുന്നു.

ലോകകപ്പിനുള്ള ഖത്തറിന്റെ തയാറെടുപ്പുകളെയും ഖത്തര്‍ നടപ്പാക്കിയ വിപുലമായതും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ തൊഴില്‍ പരിഷ്കാരങ്ങളെയും ഫൈസര്‍ പ്രശംസിച്ചു.

തൊഴില്‍രംഗത്തെ ഖത്തറിന്റെ സുപ്രധാന പരിഷ്കാരങ്ങള്‍ ശ്ലാഘനീയമാണെന്നും അതുകൊണ്ടുതന്നെയാണ് ലോകകപ്പിന്റെ ഭാഗമാകാനും ജര്‍മന്‍ ടീമിന്റെ ആദ്യ മത്സരത്തിനായി എത്താനും തീരുമാനിച്ചതെന്നും ഫൈസര്‍ വ്യക്തമാക്കി. ഖത്തര്‍ പോലെയുള്ള രാജ്യങ്ങള്‍ക്ക് ലോകകപ്പ് ടൂര്‍ണമെന്റ് നല്‍കാതിരിക്കുന്നതാണ് നല്ലതെന്ന ഇവരുടെ പ്രസ്താവന ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധത്തെ പരിക്കേല്‍പിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഖത്തറിലെ ജര്‍മന്‍ സ്ഥാനപതിയെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തുകയും പ്രതിഷേധമറിയിക്കുകയും പ്രസ്താവനയെ അപലപിച്ചുകൊണ്ടും വിശദീകരണം തേടിയുമുള്ള ഒബ്ജക്ഷന്‍ മെമ്മോ കൈമാറിയിരുന്നു.