റഷ്യയുമായി ഇന്ത്യയ്ക്ക് സുസ്ഥിരമായ ബന്ധം: എസ് ജയശങ്കർ

മോസ്‌കോ: റഷ്യയുമായി ഇന്ത്യയ്ക്ക് സുസ്ഥിരമായ ബന്ധമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഈ ബന്ധം വിപുലീകരിക്കാനും കൂടുതൽ ദൃഢമാക്കാനുമുള്ള വഴികൾ കണ്ടെത്താൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോസ്‌കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് 19, സാമ്പത്തിക സമ്മർദ്ദങ്ങൾ, വ്യാപാര ബുദ്ധിമുട്ടുകൾ എന്നിവ ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചതായും ഉക്രൈൻ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ ഇപ്പോൾ കാണുന്നുണ്ടെന്നും ജയശങ്കർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തീവ്രവാദത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ശാശ്വതമായ പ്രശ്നങ്ങളുണ്ടെന്നും ഇവ രണ്ടും വികസനത്തിന് വിനാശകരമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും വ്യാപാര അസന്തുലിതാവസ്ഥയെക്കുറിച്ച് ആശങ്കാകുലരാണെന്നും ഇന്ത്യൻ കയറ്റുമതിയുടെ വഴിയിൽ നിൽക്കുന്ന തടസങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് റഷ്യയോട് ചോദ്യം ഉന്നയിച്ചിട്ടുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി.