റേഷൻകടകളിൽ ഓണക്കിറ്റ് എത്തി, തിങ്കളാഴ്ചക്കുള്ളിൽ വിതരണം പൂർത്തിയാക്കും, സിവിൽ സപ്ലൈസ് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിനുള്ള മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂർത്തിയായി. ഇന്നുതന്നെ കിറ്റുകൾ റേഷൻ കടകളിലെത്തിച്ച് വിതരണം ആരംഭിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിലായി വിതരണം പൂർത്തിയാക്കും. ഞായറാഴ്ചയോടെ എല്ലാ കടകളിലും കിറ്റ് എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്.

തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം, ജില്ലകളിലായിരുന്നു കഴിഞ്ഞദിവസം ഭാഗികമായിട്ട് കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞത്.കഴിഞ്ഞദിവസം പല ജില്ലകളിലും കിറ്റ് നൽകാൻ കഴിയാതിരുന്നതിനാലാണ് നടപടികൾ വേഗത്തിലാക്കുന്നത്. ഓണക്കിറ്റിലേക്കുള്ള മിൽമയുടെ പായസക്കൂട്ട് എത്താൻ വൈകിയതിനെത്തുടർന്നായിരുന്നു പലയിടത്തും കിറ്റ് വിതരണം വൈകിയത്.

ഇത്തവണ 5.84 ലക്ഷം മഞ്ഞക്കാർഡുകാർക്ക് മാത്രമാണ് സംസ്ഥാനത്ത് ഓണക്കിറ്റ് നൽകുന്നത്. ഇതിനായി 32 കോടി രൂപ സപ്ലൈകോയ്ക്ക് മുൻകൂറായി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്നവർക്കും ഓണക്കിറ്റ് നൽകും.പായസ മിക്‌സുൾപ്പെടെ 14 ഭക്ഷ്യ സാധനങ്ങളാണ് കിറ്റിലുൾപ്പെടുത്തിയിട്ടുള്ളത്.തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്ന മുദ്രാവാക്യമാണ് സാമൂഹിക നീതി വകുപ്പ് മുന്നോട്ട് വെക്കുന്നത്.