പി എസ് സി,പൊലീസ് ഇന്റലിജൻസിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 35 ലക്ഷം രൂപ. ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി പൊലീസ്

തിരുവനന്തപുരം: പി എസ് സിയുടെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച്‌  പൊലീസ് ഇന്റലിജൻസിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത്  അടൂർ സ്വദേശി ആർ രാജലക്ഷ്മി, തൃശൂർ ആമ്പല്ലൂർ സ്വദേശി രശ്മി എന്നിവരും കൂട്ടാളികളും ചേർന്ന് 35 ലക്ഷം രൂപയോളം തട്ടിയെടുത്തു.രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

വിജിലൻസ്, ഇൻകംടാക്സ്, ജിഎസ്ടി വകുപ്പുകളിൽ ഇല്ലാത്ത തസ്തികകളിൽ അടക്കം ജോലി വാഗ്ദാനം ചെയ്തു 2 മുതൽ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാർഥികളിൽ നിന്നു പ്രതികൾ തട്ടിയെടുത്തതായി കമ്മീഷണർ സി നാഗരാജുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. വാട്‍സ്അപ്പ്‌ ഗ്രൂപ്പു വഴി ഉദ്യോഗാർത്ഥികളുടെ വിശ്വാസം നേടിയെടുത്ത പ്രതികൾ ഓൺലൈൻ ഇടപാടിലൂടെയാണ് പണം കൈപ്പറ്റിയത്.

84 പേർ അംഗങ്ങളായിരുന്ന വാട്സാപ് ഗ്രൂപ്പിൽ 15 പേർ മാത്രമേ പണം നഷ്ടപ്പെട്ടതായി പൊലീസിനോടു പറഞ്ഞിട്ടുള്ളൂ. ഫോണിൽ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരോട് മാനഹാനി ഭയന്ന് പലരും പണം നൽകിയ വിവരം മറച്ചുവയ്ക്കുകയാണ്.പി എസ് സി വഴി ജോലി ലഭിച്ചെന്നും അതിനായി സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകണമെന്നുമുള്ള അറിയിപ്പ് ലഭിച്ചെന്ന് പറഞ്ഞ് രണ്ട് പേര്‍ തിങ്കളാഴ്ച തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിലെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

ഉദ്യോഗാർത്ഥികളായി എത്തിയവരുടെ കൈവശമുള്ള അറിയിപ്പിന്റെ പേപ്പർ പി എസ് സിയുടെ ലെറ്റര്‍ പാഡിയില്‍ തയാറാക്കിയ വ്യാജരേഖകളെന്ന് വ്യക്തമായതോടെ ഇരുവരെയും ചോദ്യം ചെയ്തു.മാഡം എന്നൊരാളാണ് ജോലി ലഭിച്ചെന്ന് പറഞ്ഞ് കത്ത് കൈമാറിയതെന്ന് ഉദ്യോഗാർത്ഥികള്‍ മൊഴി നല്‍കി. അടൂര്‍ സ്വദേശിയായ ലക്ഷ്മി എന്ന് അറിയപ്പെടുന്ന രാജലക്ഷമിയും തൃശൂരിലെ ആമ്പല്ലൂരിൽ താമസിക്കുന്ന അമ്പിളിയുമാണ് ആ മാഡം എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തട്ടിപ്പ് പൊലീസ് അറിഞ്ഞെന്ന് വ്യക്തമായതോടെ ഇരുവരും മുങ്ങിയിരിക്കുകയാണ്.