പത്തനംതിട്ട: ന്യൂസ് ക്ലിക്ക് മുൻ ജീവനക്കാരിയായിരുന്ന പത്തനംതിട്ട കൊടുമൺ സ്വദേശി അനുഷ പോളിന്റെ വീട്ടിൽ ഡൽഹി പോലീസ് പരിശോധന നടത്തി. പരിശോധനയിൽ മൊബൈൽ ഫോണും ലാപ്ടോപും പിടിച്ചെടുത്തു.ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകളും അപരിശോധിച്ചതായി അനുഷ.
അനുഷ പോൾ ന്യൂസ്ക്ലിക്കിലെ മുൻ വീഡിയോഗ്രാഫറായിരുന്നു.2018 മുതൽ 2022 വരെ ന്യൂസ്ക്ലിക്കിൽ ജോലി ചെയ്തിരുന്നു. അടുത്ത കാലത്താണ് ഇവർ പത്തനംതിട്ടയിൽ സ്ഥിര താമസമാക്കിയത്.ഒരു വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടുന്ന സംഘമാണ് ഇന്നലെ ഉച്ചകഴിഞ്ഞു പത്തനംതിട്ടയിലെത്തിയത്.ജില്ലാ പോലീസ് മേധാവിയെ മാത്രം അറിയിച്ചാണ് പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തിയത്. അനുഷയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മൊബൈലും ലാപ്ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തു.
ഡല്‍ഹി സിപിഎം സംസ്ഥാന സെക്രട്ടറി കെ.എം. തിവാരിയെ അറിയുമോയെന്ന് ചോദിക്കുകയും സിപിഎം പ്രവര്‍ത്തകയും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററും ജില്ലാ സെക്രട്ടറിയുമായതിനാൽ അറിയാമെന്ന് പറഞ്ഞതായും അനുഷ പറഞ്ഞു. എത്രയും പെട്ടെന്ന് ഡൽഹിയിൽ തിരിച്ചെത്തി ഹാജരാകുന്നതാണ് നിങ്ങൾക്ക് നല്ലതെന്ന ഭാഷയിലാണ് അന്വേഷണ സംഘം സംസാരിച്ചതെന്നും അമ്മയുടെ ചികിത്സ നടക്കുനതിനാൽ ഉടനെ ഡൽഹിയിലേക്ക് വരവ് നടക്കില്ലെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞതായും അനുഷ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എഫ്ഐആര്‍ റദ്ദാക്കണമെന്ന ന്യൂസ് ക്ലിക്കിന്റെ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫിന്റെയും എച്ച് ആര് മേധാവിയുടെയും അറസ്റ്റിന്റെ കാരണം റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു.