പഠിക്കാതെ ഒരുകാര്യവും പറയാത്ത ആളാണ് ശശി തരൂർ,ഹമാസിനെ കുറിച്ച് ഞാൻ പറഞ്ഞതാ തരൂരും പറഞ്ഞത്, സുരേഷ് ഗോപി

കോഴിക്കോട്: പഠിക്കാതെ ഒരുകാര്യവും പറയാത്ത ആളാണ് ശശി തരൂർ,ഹമാസിനെ കുറിച്ച് ഞാൻ പറഞ്ഞതു തന്നെയാ തരൂരും പറഞ്ഞത്,അതിൽ തെറ്റായി ഒന്നും വ്യാഖ്യാനിക്കാനില്ല. മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ ഇസ്രായേൽ അനുകൂല പരാമർശം നടത്തിയെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

“പലസ്തീനിലെ അവസ്ഥ കണ്ടാല്‍ കരളലിയുകയല്ല, കരള്‍ മുറിയും. യുദ്ധം അവസാനിപ്പിക്കണം. പക്ഷേ, അത് ആരവസാനിപ്പിക്കണം. രണ്ടും ഞാൻ പറഞ്ഞു. ഒരു തീവ്രവാദിയും ഇവിടെ വാഴേണ്ട, അവശേഷിക്കേണ്ടാ. മനുഷ്യനെന്ന നിലയ്ക്കാണ് പറഞ്ഞത്, അല്ലാതെ ബിജെപിക്കാരൻ എന്ന നിലയ്ക്കല്ല. ഇത് ബിജെപിയുടെയും മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും അഭിപ്രായമല്ല, മനുഷ്യന്റെ അഭിപ്രായമാണ്. ഹൃദയം കൊണ്ട് മനസിലാക്കി സത്യം പ്രചരിപ്പിക്കുന്നതാണ്.

തരൂർ പറഞ്ഞതിൽ എന്താണ് തെറ്റ്. ഞാൻ അതിന് മുമ്പ് പറഞ്ഞില്ലേ. ഇസ്രായേലിൽ നിന്ന് വിളിച്ച അവിടത്തെ മലയാളികളോട് പറഞ്ഞില്ലേ. മുസ്ലിങ്ങളുടെ ശത്രുവാണ് ഹമാസ്; ഇസ്രായേലിന്റേയല്ല. മുസ്ലിം വംശത്തിന്റെ ശത്രുവാണ്. അത് തന്നെയേ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. അതിൽ ഒരു തെറ്റുമില്ല. അതിൽ കോൺഗ്രസും ബിജെപിയും ഒന്നുമില്ല. മനുഷ്യരല്ലേ എല്ലാവരും. അവർക്കവരുടെ അഭിപ്രായം പറഞ്ഞുകൂടേ. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു വരെയുള്ള നേതാക്കളുടെ അനുചരൻ തന്നെയാണ് തരൂർ” സുരേഷ് ഗോപി പറഞ്ഞു.