പേയ്മെന്റ് ആപ്പുകൾ മുഖാന്തരമുള്ള തട്ടിപ്പുകൾക്ക് കടിഞ്ഞാണിടുന്നു, ഐക്കണുകൾ ഉടൻ ഏകീകരിക്കും

രാജ്യത്ത് പേയ്മെന്റ് ആപ്പുകൾ മുഖാന്തരമുള്ള തട്ടിപ്പുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാനൊരുങ്ങി പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, തട്ടിപ്പുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ കമ്പനികളുടെ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കുന്ന ഐക്കണുകൾക്ക് ഏകീകൃത രൂപം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ‘പ്രോജക്ട് പ്രതിമ’ എന്ന പേര് നൽകിയിരിക്കുന്ന ഈ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന തരത്തിലാണ് ഐക്കണുകൾ രൂപകൽപ്പന ചെയ്യുക. .

ഏകീകരിച്ച ഐക്കണുകളുടെ ലൈബ്രറി തയ്യാറാക്കി നൽകാനാണ് പേയ്മെന്റ്, സെറ്റിൽമെന്റ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയായ പിസിഐ പദ്ധതിയിടുന്നത്. ഈ സംവിധാനം ഉടൻ തന്നെ പ്രാബല്യത്തിലാകുന്നതാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂൺ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ യുപിഐ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 346 ശതമാനമാണ് വർദ്ധിച്ചത്. ഈ സാഹചര്യത്തിൽ ഇടപാടുകൾക്കുള്ള ഐക്കണുകൾ ഏകീകരിച്ചാൽ ഉപയോക്താക്കൾക്ക് ഉണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.