സമ്മർദമില്ലെങ്കിലേ കോലി കളിക്കൂ എന്ന് പാക് മാധ്യമപ്രവർത്തകൻ; വായടപ്പിക്കുന്ന മറുപടിയുമായി പാക് ബാറ്റർ

വിരാട് കോലി സമ്മർദമില്ലെങ്കിലേ കളിക്കൂ എന്ന് ആരോപിച്ച പാക് മാധ്യമപ്രവർത്തകന് വായടപ്പിക്കുന്ന മറുപടിയുമായി പാക് ബാറ്റർ. പാകിസ്താൻ മാധ്യമപ്രവർത്തകനായ ഫരീദ് ഖാൻ്റെ ട്വീറ്റിനാണ് പാകിസ്താൻ ക്രിക്കറ്റ് താരം സൊഹൈബ് മഖ്സൂദ് മറുപടി നൽകിയത്. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിൽ കോലി സെഞ്ചുറി നേടിയതിനു പിന്നാലെയായിരുന്നു സംഭവം.സമ്മർദ്ദമില്ലാതിരിക്കുമ്പോഴും പരമ്പര നേടിക്കഴിഞ്ഞാലും ബാറ്റിംഗിന് അനുകൂല സാഹചര്യങ്ങളിലുമാണ് കോലി നന്നായി കളിക്കുക. ഇത്തരം സാഹചര്യങ്ങളിൽ കളിച്ച് ഫോമും ആത്‌മവിശ്വാസവും വീണ്ടെടുക്കുന്നതിൽ തെറ്റില്ല. ഓസ്ട്രേലിയ ഇന്ത്യയിലെത്തുമ്പോൾ അദ്ദേഹം നന്നായി കളിക്കുക എന്നതാണ് ഇന്ത്യയുടെ ആവശ്യം.’- ഫരീദ് ഖാൻ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിന് മഖ്സൂദ് ഇങ്ങനെ മറുപടി കുറിച്ചു, ‘സമ്മർദമില്ലാത്തപ്പോഴാണ് അദ്ദേഹം നന്നായി കളിക്കുകയെന്ന് ഉറപ്പാണോ? പക്വത കാണിക്കൂ. രണ്ട് തെറ്റുകൾ ഒരിക്കലും ശരിയാവില്ല.’

‘സൊഹൈബ് ഭായ്, അനുകൂല സാഹചര്യങ്ങൾ ആത്‌മവിശ്വാസം വീണ്ടെടുക്കാൻ ഒരു താരത്തെ സഹായിക്കും. അദ്ദേഹത്തിന് ഒരു മോശം സമയമുണ്ടായിരുന്നു. ഏഷ്യാ കപ്പിൽ പുറത്തായതിനു ശേഷം അഫ്ഗാനിസ്ഥാനെതിരെ ഒരു മത്സരത്തിലാണ് അദ്ദേഹം തിരികെവന്നത്. പരമ്പര നഷ്ടമായതിനു ശേഷം ബംഗ്ലാദേശിനെതിരെയും’- ഫരീദ് ഖാൻ കുറിച്ചു. എന്നാൽ, മഖ്സൂദ് വിട്ടുകൊടുത്തില്ല. ‘അദ്ദേഹം സ്കോറുകൾ നേടാതിരുന്നപ്പോൾ ബാറ്റിംഗിനിന് അനുകൂലമായ പിച്ചിൽ പോലും റൺസ് നേടിയിരുന്നില്ല. ഏത് രാജ്യത്തെ ഏത് പിച്ചുകളിലാണ് അദ്ദേഹം സെഞ്ചുറി നേടാത്തതെന്ന് പറയൂ. അവർ ബാബറിനെ ട്രോളുന്നു. പക്ഷേ, ബാബർ എത്ര വലിയ താരമാണെന്ന് നമുക്കറിയാം. അത് വിട്ടുകളയൂ.’