ഹൈദരാബാദ്: ലോക്‌സഭാ അംഗങ്ങൾക്ക് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചിരിക്കുന്ന പ്രാദേശിക വികസന ഫണ്ട് വീട് നിർമ്മാണത്തിനും മകൻ്റെ വിവാഹ ചെലവുകൾക്കുമായി ഉപയോഗിച്ചെന്ന് തെലങ്കാന ബിജെപി എംപി സോയം ബാപ്പു റാവു.തന്റെ ലോക്‌സഭാ സീറ്റായ അദിലാബാദിൽ ബിജെപി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സോയം ബാപ്പു റാവു വിവാദ വെളിപ്പെടുത്തൽ നടത്തിയത്.
“പ്രാദേശിക വികസന ഫണ്ടിൻ്റെ ഭാഗമായി രണ്ടാമത് 2.5 കോടി രൂപ ലഭിച്ചു.കുറച്ച് പണം പ്രദേശത്തെ മണ്ഡല് പരിഷത്ത് ടെറിട്ടോറിയൽ മണ്ഡലങ്ങൾക്കും കൗൺസിലർമാർക്കും നൽകി.ഇവിടെ എനിക്ക് സ്വന്തമായി വീട് ഇല്ലാത്തതിനാൽ കുറച്ച് പണം വീടിനായി ചെലവഴിച്ചു. മകന്റെ കല്യാണത്തിനും ഈ ഫണ്ടിൽ നിന്ന് പണമെടുത്തു.ലഭിച്ച ഫണ്ടിൻ്റെ ഒരു ഭാഗം മാത്രമേ ഉപയോഗിച്ചുള്ളൂ.മുൻപ് പല എംപിമാരും അവരുടെ സ്വന്തം ആവശ്യങ്ങൾക്കാണ് മുഴുവൻ ഫണ്ടും ഉപയോഗിച്ചിരുന്നതെന്ന് നിങ്ങൾ മനസിലാക്കണം.എന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി എനിക്കും ഈ ഫണ്ട് മുഴുവനും ഉപയോഗിക്കാമായിരുന്നു
ഇന്ത്യയിലെ ഒരു എംപിക്കും തന്റെ മണ്ഡലത്തിനായി അനുവദിച്ച 5 കോടി രൂപ പദ്ധതികൾക്കായി ചെലവഴിക്കാനാകില്ല. ചില നേതാക്കൾ ഇക്കാര്യങ്ങളിൽ വിമർശനം ഉന്നയിക്കാറുണ്ട്. പക്ഷെ അവർക്ക് ലഭിച്ച ഫണ്ട് എത്രമാത്രം ഉപയോഗിച്ചുവെന്ന് അവർ ചിന്തിക്കണം”.പ്രവർത്തകരും നേതാക്കളുമായി സംസാരിക്കുന്നതിനിടെ സോയം ബാപ്പു റാവു എംപി പറഞ്ഞു.
എംപിയുടെ പ്രസംഗത്തിൻ്റെ വീഡിയോ സമീപത്തുണ്ടായിരുന്നവർ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിട്ടതോടെ വിവാദം ആരംഭിച്ചു . വീഡിയോ വൈറലായതോടെ തൻ്റെ വെളിപ്പെടുത്തൽ അദ്ദേഹം തള്ളി. ബിആർഎസ് നേതാക്കൾ തന്നെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണെന്ന വെളിപ്പെടുത്തലുമായി എം പി രംഗത്തെത്തി.ശരിയായ വസ്തുതകൾ അറിയാതെ എന്നെപ്പോലുള്ള ഒരു ആദിവാസി എംപിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.