മകളുടെ പ്രണയവിവാഹത്തിൽ മനംനൊന്ത് വിഷം കഴിച്ച പിതാവും സഹോദരനും മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ മകൾ ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതതിൽ മനംനൊന്ത് മാതാപിതാക്കളും സഹോദരങ്ങളും വിഷം കഴിച്ചു.പിതാവും സഹോദരനും മരിച്ചു, കിരൺ റാത്തോഡ് (52), ഹർഷ് (24) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ റാത്തോഡിൻ്റെ ഭാര്യ നീതാബെൻ (50), ഇളയമകൻ ഹർഷിൽ (19) ചികിത്സയിലാണ്.

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഒരു വർഷം മുൻപായിരുന്നു മകൾ വിവാഹം ചെയ്തത്.ബന്ധുക്കളുടെ മാനസിക പീഡനം സഹിക്കാനാകാതെയാണ് കുടുംബാംഗങ്ങൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് എഫ്‌ഐആർ. ദളിത് സമുദായത്തിൽ നിന്നുള്ള യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെ കുടുംബം എതിർപ്പ് ശക്തമാക്കി.

മകളെ കാണാൻ റാത്തോഡും കുടുംബവും തയ്യാറായിരുന്നില്ല. യുവതിയുമായുള്ള ബന്ധം മാതാപിതാക്കൾ വിച്ഛേദിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ കുടുംബാംഗങ്ങളെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിരൺ റാത്തോഡും മൂത്തമകനും മരിച്ചിരുന്നു.

യുവതിയും ഭർത്താവുമടക്കം മരുമക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുൾപ്പെടെ പതിനെട്ട് പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആത്മഹത്യ പ്രേരണ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.