തൊടുപുഴയിൽ ഗവർണർക്കെതിരെ കറുത്ത ബാനർ കെട്ടി പ്രതിഷേധിച്ച്‌ എസ്എഫ്ഐ

ഇടുക്കി : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഇൻഷുറൻസ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്യാൻ ഇടുക്കിയിൽ എത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ തൊടുപുഴ വെങ്ങല്ലൂർ ജങ്ഷനിൽ റോഡിന് കുറുകെ കറുത്ത ബാനർ കെട്ടി. ഭൂപതിവ് ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണർക്കെതിരെ രാജ്ഭവന് മുന്നിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തുന്ന ഇന്നു തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ഗവർണറുടെ സന്ദർശനത്തിനെതിരെ എൽ.ഡി.എഫ് ഇടുക്കിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ വിജയമായി. ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്താൻ എസ്.എഫ്.ഐ നീക്കമുണ്ടെന്ന് സൂചനയുണ്ട്. തൊടുപുഴ മർച്ചന്റസ് അസോസിയേഷൻ ഹാളിലാണ് ഗവര്‍ണറുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഭൂമി-പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലാ എല്‍ഡിഎഫ് ഇന്ന് രാജ് ഭവന്‍ മാര്‍ച്ച് നടത്തുന്നുണ്ട്. രണ്ടുമണിക്ക് ഇടുക്കിയിൽ നിന്നുള്ള എൽ.ഡി.എഫ് പ്രവർത്തകർ രാജ്ഭവൻ ഉപരോധിക്കും.