വിജയം തുടരാൻ ഇന്ത്യ, രണ്ടാം ട്വന്റി20 ഇന്ന്

ബാസ്റ്റെയർ (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്): വെസ്റ്റ് ഇൻഡീസിനെതിരെ സമഗ്രാധിപത്യം തുടരാൻ ഇന്ത്യ ഇന്ന് രണ്ടാം ടി20 മത്സരത്തിനിറങ്ങും. ക്യാപ്റ്റൻ രോഹിത് ശർമയുടെയും ഫിനിഷർ ദിനേഷ് കാർത്തികിന്‍റെയും മികച്ച ബാറ്റിങിന്‍റെയും സ്പിന്നിന്‍റെയും മികവിൽ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 68 റൺസിന് വിജയിച്ചു.

ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക. ഡിഡി സ്പോർട്സിലും ഫാൻകോഡ് ആപ്പിലും തത്സമയം കാണാൻ കഴിയും. ടി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി ഇന്ത്യ ബാറ്റിംഗ് ലൈനപ്പിൽ പരീക്ഷണം തുടരുമോ എന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ വർഷം ഇന്ത്യ പരീക്ഷിച്ച ഏഴാമത്തെ ഓപ്പണറാണ് സൂര്യകുമാർ യാദവ്.

പവർപ്ലേയിലും ഡെത്ത് ഓവറുകളിലും തിളങ്ങിയ ഇടംകൈയൻ പേസർ അർഷ്ദീപ് സിംഗും പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ കളിയിൽ ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, രവി ബിഷ്ണോയി എന്നീ മൂന്ന് സ്പിന്നർമാരുടെ പ്രകടനം നിർണായകമായിരുന്നു.