അഡ്ലെയ്ഡ്: വിരാട് കോഹ്ലിക്കെതിരെ ഫേക്ക് ഫീൽഡിങ് ആരോപണം നിയമപരമായി ഉന്നയിക്കാനൊരുങ്ങി ബംഗ്ലാദേശ്. ടി20 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് സൂപ്പർ 12 മത്സരത്തിനിടെയാണ് വിരാട് കോഹ്ലി ഫേക്ക് ഫീൽഡിങ് നടത്തിയെന്ന് ബംഗ്ലാദേശ് ആരോപിക്കുന്നത്. മത്സരത്തിലെ മോശം അമ്പയറിങ്ങിനെതിരെ ബംഗ്ലാദേശ് ഉചിതമായ വേദിയിൽ പരാതി നൽകാൻ തീരുമാനിച്ചെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.
മഴക്ക് ശേഷം കളി വീണ്ടും ആരംഭിച്ചപ്പോൾ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ അമ്പയർമാരുമായി ഈ വിഷയം സംസാരിച്ചിരുന്നു. എന്നാൽ, അമ്പയർമാർ ബംഗ്ലാദേശിന്റെ ആവശ്യം പരിഗണിച്ചില്ല. മത്സരത്തിലെ വിവാദ അമ്പയറിങ്ങിനെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഉചിതമായ വേദിയിൽ ഉന്നയിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.
‘കോഹ്ലിയുടെ ഫേക്ക് ഫീൽഡിങ്ങിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. എല്ലാവരും അത് ടിവിയിൽ കണ്ടതാണ്. എല്ലാം നിങ്ങൾക്ക് മുന്നിലുണ്ട്. വ്യാജ ത്രോയെക്കുറിച്ച് അമ്പയർമാരെ അറിയിച്ചു. ശ്രദ്ധയിൽപ്പെടാത്തതുകൊണ്ടാണ് റിവ്യൂ നൽകാതിരുന്നതെന്നാണ് അമ്പയർമാർ പറഞ്ഞത്. മത്സരത്തിന് ശേഷവും അമ്പയർമാരോട് ഈ വിഷയം ഷാക്കിബ് സംസാരിച്ചു’ ബിസിബി അധികൃതർ അറിയിച്ചു.
ഔട്ട്ഫീൽഡ് നനഞ്ഞതിനാൽ അൽപ്പം വൈകി കളി തുടങ്ങണമെന്ന ഷാക്കിബിന്റെ ആവശ്യവും അംഗീകരിച്ചില്ല. ബംഗ്ലാദേശിന്റെ പരാതികൾ ഉചിതമായ വേദിയിൽ ഉന്നയിക്കാനാണ് ബിസിബി ഉദ്ദേശിക്കുന്നതെന്ന് ജലാൽ പറഞ്ഞു. ഇന്ത്യന്‍ ബാറ്റിങ്ങിനിടെയും കോഹ്ലിയുടെ ഇടപെടലില്‍ ഷാക്കിബ് എതിര്‍പ്പറിയിച്ചിരുന്നു. അമ്പയര്‍മാരോട് കോഹ്ലി ആംഗ്യം കാണിച്ചതാണ് ബംഗ്ലാ നായകനെ ചൊടിപ്പിച്ചത്.