ബീജിംഗ്: രാജ്യത്തിന്റെ ശക്തിവര്‍ദ്ധിപ്പിക്കുന്നതിനും യുദ്ധങ്ങളില്‍ പോരാടുന്നതിനും വിജയിക്കുന്നതിനുമായി എല്ലാ ഊര്‍ജ്ജവും ഉപയോഗിക്കാന്‍ സൈന്യത്തിനോട് ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം. മൂന്നാം തവണയായി ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) ജനറല്‍ സെക്രട്ടറിയായും സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ (സിഎംസി) തലവനായും വീണ്ടും നിയമിക്കപ്പെട്ടതിന് ശേഷം സൈന്യത്തിന് നല്‍കിയ ആദ്യ നിര്‍ദ്ദേശമാണ് ഇത്.
‘ലോകം ഈ നൂറ്റാണ്ടില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കൂടുതല്‍ ആഴത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷ ഇന്ന് വലിയ അസ്ഥിരതയും അനിശ്ചിതത്വവും അഭിമുഖീകരിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ സൈന്യത്തിന്റെ ചുമതല വളരെ വലുതാണ്’,ഷി ചൂണ്ടിക്കാട്ടി.
മുഴുവന്‍ സൈന്യവും തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും യുദ്ധത്തിനായി വിനിയോഗിക്കണമെന്നും പോരാടാനും വിജയിക്കാനുമുള്ള കഴിവ് വര്‍ദ്ധിപ്പിക്കാനും തങ്ങളുടെ ദൗത്യങ്ങളും ചുമതലകളും ഫലപ്രദമായി നിറവേറ്റാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
എപ്പോള്‍ വേണമെങ്കലും തൊടുക്കാന്‍ പാകത്തിലുള്ള അമ്പുകള്‍ പോലെ തയ്യാറെടുക്കണമെന്ന് അദ്ദേഹം സൈനികരോട് ആവശ്യപ്പെട്ടു. സൈന്യത്തിന് യുദ്ധത്തിനൊരുങ്ങണമെന്ന ഷിയുടെ നിര്‍ദ്ദേശം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. എന്തിനുള്ള പടപ്പുറപ്പാടാണ് ചൈന നടത്തുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിന്നടക്കം ഉയരുന്ന ചോദ്യം.