ഗൃഹപ്രവേശനച്ചടങ്ങിലേക്ക് ബന്ധുക്കളെ ക്ഷണിക്കാന്‍ പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

കിളിമാനൂര്‍: പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിലേക്ക് ബന്ധുക്കളെ ക്ഷണിക്കാന്‍ പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു.

നഗരൂര്‍ ചെമ്മരത്തുമുക്ക് രാലൂര്‍ക്കാവ് പുതുശേരി വിളാകത്ത് വീട്ടില്‍ എസ്.ആര്‍. സിബിന്‍ (25) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മൈല്‍ക്കുറ്റിയിലിടിച്ച്‌ മറിഞ്ഞ് റോഡരികിലെ ഓടയിലേക്ക് തലയിടിച്ച്‌ വീഴുകയായിരുന്നു.

ഞായറാഴ്ച രാത്രി 10.40ന് കിളിമാനൂര്‍ -ആലംകോട് റോഡില്‍ ചൂട്ടയില്‍ മുസ്‍ലിം പള്ളിക്ക് മുന്നിലായിരുന്നു അപകടം. വിദേശത്ത് ജോലി ചെയ്തിരുന്ന സിബിന്‍ രാലൂര്‍ക്കാവില്‍ പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകള്‍ക്കായാണ് കഴിഞ്ഞമാസം നാട്ടിലെത്തിയത്.

ചടങ്ങിന് അടുത്ത ബന്ധുക്കളെ ക്ഷണിക്കാന്‍ പോയശേഷം രാത്രി തിരികെ മടങ്ങുമ്ബോഴായിരുന്നു അപകടം. സിബിന്‍ സഞ്ചരിച്ച ബൈക്ക് ചാറ്റല്‍മഴയെ തുടര്‍ന്ന് റോഡില്‍ നിന്ന് തെന്നിമാറി റോഡരികിലെ മൈല്‍കുറ്റിയിലിടിച്ച്‌ ഓടയിലേക്ക് തലയിടിച്ച്‌ വീഴുകയായിരുന്നു.

അപകട സമയത്ത് മറ്റാരും ഇല്ലാത്തതിനാല്‍ അരമണിക്കൂറോളം സിബിന്‍ അവിടെ രക്തം വാര്‍ന്നുകിടന്നു. അപകടവിവരം അറിഞ്ഞ് പൊലീസും സിബിന്റെ സുഹൃത്തുക്കളും സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം സിബിന്‍ പുതുതായി നിര്‍മ്മിച്ച വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കരിച്ചു. എം. സ്വാമിദാസ്, ജി.എസ്.രാജേശ്വരി (അങ്കണവാടി ടീച്ചര്‍) ദമ്ബതികളുടെ മകനാണ്. സഹോദരന്‍: സിജിന്‍.