ടി20 ലോകകപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനവുമായി സൂര്യകുമാർ യാദവ്: പിന്നിൽ മുംബൈക്കാരനായ പരിശീലകന്‍റെ തന്ത്രങ്ങൾ

മുംബൈ: ടി20 ലോകകപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന ഫോമിലാണ് സൂര്യകുമാർ യാദവ്. എവിടെ പന്തെറിയണമെന്ന് ബൗളർമാർ ആശയക്കുഴപ്പത്തിലാകുന്ന തരത്തിലാണ് സൂര്യകുമാർ യാദവിന്‍റെ ബാറ്റിംഗ് വെടിക്കെട്ട്. ഇതിന് പിന്നിൽ മുംബൈക്കാരനായ ഒരു പരിശീലകന്‍റെ തന്ത്രമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോകകപ്പിന് മുമ്പ് മെല്‍ബണിലേതുപോലുള്ള ബൗണ്‍സുള്ള പിച്ചുകളൊരുക്കി ഇത്തരം ഷോട്ടുകൾക്കായി സൂര്യകുമാര്‍ യാദവ് പ്രത്യേക പരിശീലനം നടത്തുകയായിരുന്നു. ലോകകപ്പിന് മുമ്പ് മുംബൈ ജിംഘാന ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ പ്രത്യേക ബാറ്റിംഗ് പരിശീലനമാണ് സൂര്യകുമാറിന് 360 ഷോട്ടുകൾ കൂടുതൽ കളിക്കാൻ ആത്മവിശ്വാസം നൽകുന്നത്.

ഓസ്ട്രേലിയൻ സാഹചര്യത്തിന് സമാനമായി ബൗൺസുള്ള പിച്ച് ജിംഖാന അക്കാദമിയിൽ തയ്യാറാക്കിയായിരുന്നു പരിശീലനം. പരിശീലനത്തിന് നേതൃത്വം നൽകിയത് ജിംഘാന കോച്ചും മുംബൈ ടീം മുൻ ഓപ്പണറുമായ വിനായക് മാനെ.

വിവിധ മത്സര സാഹചര്യങ്ങളിൽ വ്യത്യസ്ത ശൈലിയിലുള്ള ബൗളർമാരെ ഉൾപ്പെടുത്തിയായിരുന്നു. നാല് മണിക്കൂർ ദൈർഘ്യമുള്ള പരിശീലന സെഷനുകൾ. പരിശീലനത്തിലെ തന്ത്രങ്ങൾ ഓസ്ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളിൽ നടപ്പിലാക്കുകയും ചെയ്തതോടെ ഈ ലോകകപ്പ് സൂര്യകുമാറിന്‍റേത് കൂടിയായി.