പ്രാഗിലെ സർവകലാശാലയിൽ തോക്കുധാരി കണ്ണിൽകണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തി

പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ അക്രമി നിരവധിപ്പേരെ വെടിവെച്ചു. സംഭവത്തിൽ 15 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് തോക്കുധാരി കണ്ണിൽകണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തിയത്.

സംഭവത്തെ തുടർന്ന് ആളുകളോട് വീടുകളിൽ തന്നെ കഴിയാൻ പോലീസ് ആവശ്യപ്പെട്ടു . വെടിവെപ്പ് നടന്ന സ്ഥലത്ത് സഞ്ചാരം നിരോധിച്ചു.വെടിവയ്പ്പ് നടന്ന ചാൾസ് സർവകലാശാലയിലെ ഫിലോസഫി വിഭാഗം ഒഴിപ്പിച്ചതായി പ്രാഗ് മേയർ ബൊഹുസ്ലാവ് സ്വബോഡ പറഞ്ഞു. ചാൾസ് യൂണിവേഴ്‌സിറ്റിയുടെ അക്കാദമി ഓഫ് ആർട്ട്, ആർക്കിടെക്‌ചർ ആൻഡ് ഫിലോസഫി ഡിപ്പാർട്ട്‌മെന്റിന് സമീപമുള്ള ജാൻ പാലച്ച് സ്‌ക്വയറിലാണ് വെടിവെപ്പ് നടന്നത്.

അക്രമിയെ കൊല്ലപ്പെടുത്തിയതായി ചെക്ക് പോലീസ് അറിയിച്ചു. അക്രമി സ്വയം വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്. അക്രമിയുടെ വിശദാംശങ്ങളോ ആക്രമണ കാരണമോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ തുടർന്ന് ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പൊതുപരിപാടികൾ എല്ലാം റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങി.