ഈ നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു. നടൻ ദേവൻ

കഴിഞ്ഞ ദിവസം ഗുരുവായൂ‌ർ ക്ഷേത്രത്തില്‍ നടന്ന സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാസുരേഷിന്റെ വിവാഹത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം സിനിമാമേഖലയിലെ സൂപ്പർസ്റ്റാറുകളെല്ലാവരും പങ്കെടുത്തിരുന്നു. നടൻ മമ്മൂട്ടിയുമായി പ്രധാനമന്ത്രി സംസാരിക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.

‘മോഹൻലാലിനോട് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചിരിച്ചുകൊണ്ട് കൈ കെട്ടി നോക്കി നിൽക്കുന്ന മമ്മൂട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ തോതിലുള്ള സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറിയത്. ദി കിംഗ് എന്ന ചിത്രത്തിലെ മമ്മൂട്ടിക്ക് ഒപ്പമുളള ഒരു ഫോട്ടോ പങ്കുവച്ച് കൊണ്ട് ഈ സംഭവുമായി ബന്ധപ്പെട്ട് നടന്‍ ദേവന്‍ മമ്മൂട്ടിയെക്കുറിച്ച് എഴുതിയ കുറിപ്പ് സമൂഹ മാധ്യമത്തില്‍ വൈറല്‍ ആവുകയാണ്.

“മനുഷ്യൻ എന്ന മമ്മൂട്ടി.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂർ അമ്പലനടയിൽ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികൾ മനസ്സിലാക്കി. ഈ കല്യാണ വേളയിൽ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകർഷിച്ച മനുഷ്യനായി മമ്മൂട്ടി.പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റിൽ ഇട്ടതും, വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുൻപിൽ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി.

ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു. നടൻ ദേവൻ “