രാമക്ഷേത പ്രതിഷ്ഠയിൽ മതസ്പർദ്ധയുണ്ടാക്കുന്ന വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി. കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി എടുക്കുമെന്ന് കേന്ദ്രസർക്കാർ. മതസ്പർദ്ധയുണ്ടാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും നല്‍കരുതെന്ന് കേന്ദ്രസർക്കാർ മാധ്യമങ്ങൾക്ക് മാർഗനിർദ്ദേശം നല്‍കി. സാമൂഹ്യമാധ്യമങ്ങൾ കർശനമായി നിരീക്ഷിക്കുന്ന സർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നല്‍കി.

2024 ജനുവരി 22ന് അയോധ്യയിലെ രാംലല്ല പ്രാണ പ്രതിഷ്ഠ ഇന്ത്യയിലുടനീളം ആഘോഷിക്കും. രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് മൂന്ന് തട്ടുള്ള സുരക്ഷ നടപടികളാണ് അയോധ്യയിൽ സജ്ജീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും മാത്രം കമാൻഡോകൾ ഉൾപ്പടെ അയ്യായിരം സുരക്ഷാസൈനികരെ വിന്യസിച്ചിട്ടുണ്ട്.

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ജനുവരി 22ന് ഉച്ചയ്ക്ക് 2:30 വരെ അവധിയായിരിക്കുമെന്ന് പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം അറിയിച്ചു.