പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനത്തിന് അടുത്തയാഴ്ച തുടക്കമാകും

ന്യൂഡൽഹി : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 370 സീറ്റുകള്‍ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനത്തിന് അടുത്തയാഴ്ച തുടക്കമാകും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഫെബ്രുവരി 27-ന് കേരളത്തിന്‍റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെത്തും.വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തില്‍ നടത്തുന്ന പര്യടനത്തോടെ ഒട്ടേറെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് തുടക്കമാകും.പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തലസ്ഥാന നഗരിയില്‍ ഒരു മെഗാ പൊതു റാലി സംഘടിപ്പിക്കും.

തമിഴ്‌നാട്ടിൽ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ആളുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും.എംഎസ്എംഇ മേഖല മധുരൈയില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ മൊബിലിറ്റി പരിപാടിയില്‍ പങ്കെടുക്കും. ഫെബ്രുവരി 28-ന് അദ്ദേഹം വിവിധ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കും.മുന്‍മുഖ്യമന്ത്രി കെ കരുണാധിയുടെ മകളും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സഹോദരിയുമായ കെ കനിമൊഴിയുടെ മണ്ഡലമായ തൂത്തുക്കുടിയില്‍ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഉദ്ഘാടനവും നടത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനങ്ങള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്‌നാട്ടിലും ഈ വര്‍ഷം പ്രധാനമന്ത്രി നടത്തുന്ന മൂന്നാമത്തെ സന്ദര്‍ശനമാണിത്. ഇതുവരെ ഈ രണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപിയുടെ പ്രചാരണം വിജയം കണ്ടിട്ടില്ല. തമിഴ്‌നാട്ടിലും കേരളത്തിലുമായി 59 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളതെങ്കിലും ബിജെപിക്ക് ഒരു സീറ്റില്‍പോലും വിജയിക്കാനായിട്ടില്ല.