ആളുകളെ വില കുറച്ച് കണ്ടാൽ മെസിയെ പോലെ തലയിൽ മുണ്ടിട്ട് പോവേണ്ടി വരും’; തരൂർ വിഷയത്തിൽ സതീശന് മുരളീധരന്റെ മുന്നറിയിപ്പ്

കോഴിക്കോട് : ശശി തരൂർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നറിയിപ്പുമായി കെ.മുരളീധരൻ. ആളുകളെ വില കുറിച്ച് കാണുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് സൗദി അറേബ്യയ്ക്കെതിരെ മെസിക്ക് നേരിടേണ്ടി വന്ന അവസ്ഥയുണ്ടാകുമെന്ന് മുരളീധരൻ പറഞ്ഞു. ശശി തരൂരിന്റെ മലബാർ സന്ദർശനം വിഭാഗീയതയല്ലെന്നും ആരെയും വില കുറച്ച് കാണരുതെന്നും വടകര എംപി കോഴിക്കോട് പറഞ്ഞു.

പൊതുവേദിയിൽ പങ്കെടുക്കാൻ എല്ലാ എംപിമാർക്കും അവകാശമുണ്ട്. മലബാറിലേക്ക് വരുമ്പോൾ കോൺഗ്രസുകാർ പാണക്കാട് തങ്ങളെ സന്ദർശിക്കുന്നത് പതിവാണ്. തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ല. കൂടാതെ രാഷ്ട്രീയ നേതാക്കൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ പാർട്ടിയെയും മുന്നണിയെയും എങ്ങനെ ശക്തിപ്പെടുത്താമെന്നാണ് ചർച്ച ചെയ്യുക. അല്ലാതെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചൊന്നുമല്ലെന്ന് മുരളീധരൻ പറഞ്ഞു.