സിനിമകളില്‍ ദാസേട്ടന്‍റെ ശബ്ദത്തില്‍ ചുണ്ട് അനക്കി പാടാനായി എന്നതാണ് എന്‍റെ ജീവിതത്തിലെ ഒരു മഹാസുകൃതം ,യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

മലയാളികളുടെ ഗന്ധര്‍വഗായകന്‍ കെ.ജെ യേശുദാസിന് 84-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ‘ദാസേട്ടന്‍റെ ശബ്ദത്തില്‍ ചില ഗാനങ്ങള്‍ എന്‍റെ സിനിമകളില്‍ ചുണ്ട് അനക്കി പാടാനായി എന്നതാണ് എന്‍റെ സിനിമാ ജീവിതത്തിലെ മഹാസുകൃതങ്ങളിലൊന്നായി ഞാന്‍ കരുതുന്നത്’ നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രതിഭാസമാണ് ദാസേട്ടനെന്നും മോഹന്‍ലാല്‍ പറഞ്ഞു.

” ഗ്രീഷ്മത്തിലും വസന്തത്തിലും വേനലിലും വര്‍ഷത്തിലും ശിശിരത്തിലും ഹേമന്തത്തിലും മലയാളി കേള്‍ക്കുന്ന ഒരേയൊരു ശബദ്മേയുള്ളു, അത് ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന്‍റെതാണ്. നമ്മുടെയെല്ലാം പ്രിയപ്പെട്ട ദാസേട്ടന്‍റെ. നമ്മളൊക്കെ ജനിച്ചു വളര്‍ന്നതു മുതല്‍ കേട്ട് പാടിയ ശബ്ദം. ആ നാദബ്രഹ്മത്തിന് എന്നും യുവത്വമാണ്. സാഗരത്തിലെന്നപോലെ ആ നാദബ്രഹ്മത്തിന്‍റെ തിരകളിങ്ങനെ അവസാനിക്കാതെ നമ്മുടെ മനസിന്‍റെ തീരമണഞ്ഞു കൊണ്ടെയിരിക്കും.ഒരിക്കലും പുതുമ നശിക്കാതെ..ദാസേട്ടന്‍റെ ശബ്ദത്തില്‍ ചില ഗാനങ്ങള്‍ എന്‍റെ സിനിമകളില്‍ ചുണ്ട് അനക്കി പാടാനായി എന്നതാണ് എന്‍റെ സിനിമാ ജീവിതത്തിലെ മഹാസുകൃതങ്ങളിലൊന്നായി ഞാന്‍ കരുതുന്നത്.ഇതൊക്കെ അപൂര്‍വമായി സംഭവിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് ദാസേട്ടന്‍. അദ്ദേഹം ജീവിക്കുന്ന കാലത്ത് ജീവിക്കാനായെന്നതില്‍ അഭിമാനമുണ്ട്. അദ്ദേഹത്തിന്‍റെ ഒരുപാട്ടെങ്കിലും ഒരു ദിവസം മൂളാത്ത മലയാളികളുിണ്ടാവില്ല. ഇന്ന് ജനുവരി പത്ത് അദ്ദേഹത്തിന്‍റെ എൺപത്തിനാലാം ജന്മദിനം. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട് ശതാഭിക്തനാകുന്ന ദിവസം, കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്‍റെ പാലാഴി തീര്‍ത്തവനെ..ഈ സുദിനത്തില്‍ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യവും ദീര്‍ഘായുസും ആശംസിക്കുന്നു ഒപ്പം പ്രാര്‍ത്ഥിക്കുന്നു. ”  ശതാഭിഷിക്തനാവുന്ന എൻ്റെ പ്രിയപ്പെട്ട ദാസേട്ടന് ജന്മദിനാശംസകൾ’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍  ആശംസകള്‍ അറിയിച്ചത്.

ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്ര കുറച്ചുനാളായി ഇല്ല. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ട്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ 84-ാം ജന്മദിന ആഘോഷം.