ടെൽ അവീവ്: വടക്കൻ ഇസ്രായേലിന് നേരെ ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധസംഘമായ ഹിസ്ബുള്ള മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട്. ലെബനനിൽ നിന്ന് ഹിസ്ബുള്ളയുടെ മിസൈൽ രാജ്യത്ത് പതിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഇസ്രായേൽ ഏകദേശം 40 മിസൈകളും ഹിസ്ബുള്ള ഉപയോഗിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.ഇറാൻ്റെ ഭാഗത്തുനിന്നും ആക്രമണ ഭീഷണി ലഭിച്ചതോടെ ഇസ്രായേൽ അതിർത്തിലടക്കം സുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കി.
ഏപ്രിൽ മൂന്നിന് സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാൻ്റെ മുതിർന്ന ഉദ്യോഗസ്ഥരടക്കമുള്ള പതിമൂന്നോളം പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിൻ്റെ പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഇറാൻ്റെ ആരോപണം.ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഹിസ്ബുള്ള മിസൈൽ ആക്രമണമെന്ന് ഇറാൻ പിന്തുണയുള്ള ലെബനീസ് സംഘം അറിയിച്ചു.
ഇസ്രായേലിന് നേരെ ഇറാൻ തിരിഞ്ഞതോടെ ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക രംഗത്തുവന്നു.ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രായേലിന് പൂർണ പിന്തുണ നൽകും. ഇക്കാര്യത്തിൽ യുഎസ് പ്രതിജ്ഞാബദ്ധരാണ്. ആവശ്യമായ സഹായങ്ങൾ നൽകും. ഇറാന് വിജയിക്കാൻ സാധിക്കില്ലെന്നും ആക്രമണത്തിന് മുതിരരുതെന്ന് ഇറാന് മുന്നറിയിപ്പും നൽകി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ.
സൈന്യം അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യവും നേരിടാൻ തയാറാണെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.അതിർത്തിയുടെ ഇരുവശത്തുമുള്ള പതിനായിരക്കണക്കിന് ജനങ്ങൾ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു. നേരിട്ട് ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകൾ ഇറാൻ്റെ പക്കലുണ്ടെന്നതാണ് ഇസ്രായേലിന് സമ്മർദ്ദത്തിലാക്കുന്നത്.