കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യു കോടതി ഈ മാസം 23 വരെ നീട്ടി. മദ്യനയ കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. ഹർജി 29ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഇത് കെജ്രിവാൾ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെ ബാധിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്വി വാദിച്ചെങ്കിലും ഇഡി ഇതിനെ എതിർത്തു. തുടർന്ന് ഹർജി നേരത്തെ പരിഗണിക്കണമെന്ന സിംഗ്വിയുടെ അഭ്യർത്ഥന കോടതി അംഗീകരിച്ചില്ല.

എൻഫോഴ്സ്മെന്റ് ഡയറക്ടേറിന്റെ നടപടികളിൽ നിന്ന് സംരക്ഷണം നൽകാൻ ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് മാർച്ച് 21 ന് അരവിന്ദ് കെജ്രിവാളിനെ ഇഡി ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്. നിലവിൽ അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിൽ കഴിയുകയാണ്. 2021-22 ലെ ഡൽഹി സർക്കാരിൻ്റെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ഉണ്ടായതായി ആരോപണം ഉയർന്നതാണ് മദ്യനയക്കേസിലേയ്ക്ക് വഴി തെളിച്ചത്.

കെജ്രിവാൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.