കീവ്: ഹാർകീവിലെ വിജയത്തിൽ യുക്രൈൻ സേന രാജ്യത്തിന്‍റെ തെക്കൻ മേഖലയിൽ റഷ്യയ്ക്കെതിരെ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് ജനവാസ മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയതായി യുക്രൈൻ അറിയിച്ചു. പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുടെ ജൻമനാടായ ക്രിവ്യി റി നഗരത്തിലെ കറാച്ചുൻ ഡാം റഷ്യൻ സൈന്യം തകർത്തതായും എട്ട് റഷ്യൻ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വൈകുന്നേരം പറഞ്ഞു.
ഡാമും പമ്പിംഗ് സ്റ്റേഷനും തകർന്നതിനെ തുടർന്ന് നഗരം വെള്ളത്തിനടിയിലാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യുക്രൈൻ പ്രസിഡന്‍റിന്‍റെ ഓഫീസ് ഡപ്യൂട്ടി മേധാവി കൈറിലോ ടിമോഷെങ്കോ അറിയിച്ചു. “ആക്രമണത്തിൽ അണക്കെട്ടിന് കാര്യമായ നാശനഷ്ടങ്ങളുണ്ട്. സമീപത്തെ പാലങ്ങളെല്ലാം ഒലിച്ചുപോയി. യുദ്ധത്തിനു മുൻപ് ,650,000 ആളുകൾ പാർത്തിരുന്ന നഗരത്തിലെ ഭൂരിഭാഗം കെട്ടിടങ്ങളിലും വെള്ളം കയറുകയാണ്” ടിമോഷെങ്കോ പറഞ്ഞു.
ക്രിമിയയുടെ വടക്കുപടിഞ്ഞാറായി ഡൈനിപ്പര്‍ നദീമുഖത്തുള്ള നഗരമാണ് ക്രിവ്യി റി. കരിങ്കടലിലേക്ക് തന്ത്രപരമായ പ്രവേശനം നല്‍കുന്ന ഖേഴ്‌സൻ നഗരത്തിന് ഏകദേശം 100 മൈല്‍ അകലെ വടക്കുകിഴക്കായാണ് സ്ഥിതി ചെയ്യുന്നത്.